Kerala

കെ റെയിലിനെതിരായ ജനവികാരം മറികടക്കാന്‍ സിപിഎം അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്നു: റോയ് അറയ്ക്കല്‍

 

 

കോട്ടയം: സംസ്ഥാനത്തിന്റെ മണ്ണിനെയും ആവാസവ്യസ്ഥയെയും തകിടം മറിക്കുന്ന കെ റെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധത്തെ മറികടക്കാന്‍ സിപിഎം അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തിരുവല്ലയില്‍ സിപിഎം ഏരിയാ സെക്രട്ടറിയായ പി ബി സന്ദീപ് കുമാറിനെ സംഘപരിവാര പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ കാണാത്ത പ്രതിഷേധവും പ്രതികരണവുമാണ് ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം തുടരുന്നത്. ഈ സംഭവത്തിന്റെ മറപിടിച്ച് സംസ്ഥാന വ്യാപകമായി സാമൂഹിക സംഘര്‍ഷം സൃഷ്ടിക്കാനും അത് ലൈവായി നിലനിര്‍ത്താനും നടത്തുന്ന ശ്രമത്തിന്റെ പിന്നിലും സിപിഎമ്മിന് കൃത്യമായ അജണ്ടയുണ്ട്.

കേരള പിറവിക്കുശേഷം നാളിതുവരെ ന്യൂനപക്ഷാംഗത്തെ മുഖ്യമന്ത്രിയാക്കാനോ പാര്‍ട്ടി സെക്രട്ടറിയാക്കാനോ തയ്യാറാവത്ത സിപിഎം ഇതര പാര്‍ട്ടി നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന ആരോപണമുന്നയിക്കുന്നത് അപഹാസ്യമാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും സിപിഎം ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നെങ്കിലും ഒരു ജില്ലയിലും സെക്രട്ടറി സ്ഥാനത്ത് ന്യൂനപക്ഷാംഗമില്ല. കേരളത്തിലെ ഇരുമുന്നണികളും സംവരണീയ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി നിഷേധിക്കുന്നതിനും അത്തരം വിഭാഗങ്ങളെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനും മല്‍സരബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ഇടതു സര്‍ക്കാരിലെ പ്രാതിനിധ്യം പോലും സാമൂഹിക നീതി നിഷേധിക്കുന്ന തരത്തിലും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള രീതിയിലുമാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം നില്‍ക്കാതെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ദുഷ്ടലാക്കാണ് സിപിഎമ്മിനുള്ളത്.

ആര്‍എസ്എസ് ഭീകരതയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ 153 എ വകുപ്പുള്‍പ്പെടെ ചുമത്തി കള്ളക്കേസെടുത്ത് നിശബ്ദമാക്കാന്‍ ഇടതുസര്‍ക്കാരിന്റെ പോലീസ് ശ്രമിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെ തലോടി ഉറക്കിക്കിടത്താന്‍ സിപിഎം നടത്തുന്ന വിഫല ശ്രമം തിരിച്ചറിയാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട് എന്നു കോടിയേരി മനസിലാക്കുന്നത് നന്നാവും. ഓപറേഷന്‍ കാവലിന്റെ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകരെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി വര്‍ഗീയധ്രുവീകരണം നടത്താനാണ് കോടിയേരി ശ്രമിക്കുന്നത്. കേരളത്തിനു ഭീഷണിയായ കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളൊന്നും വിലപ്പോവില്ലെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി. കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് യു നവാസ് ഒപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top