Kerala

സിപിഎമ്മിനെ വിമർശിക്കുന്നതിന്റെ പേരിൽ സിപിഐയിൽ നിന്നും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കറിനെ ഒഴിവാക്കിയ നടപടി റദ്ദ് ചെയ്തു

സിപിഎമ്മിനെ വിമർശിക്കുന്നതിന്റെ പേരിൽ സിപിഐയിൽ നിന്നും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കറിനെ ഒഴിവാക്കിയ നടപടി റദ്ദ് ചെയ്തു. ജയശങ്കർ പാർട്ടി കൺട്രോൾ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന കൺട്രോൾ കമ്മീഷൻ അധ്യക്ഷൻ സി.പി. മുരളിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയാണ് ജയശങ്കറിന്റെ മെമ്പർഷിപ്പ് പുനഃസ്ഥാപിക്കാനുള്ള റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് നൽകിയത്.

Ad

പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ഈ റിപ്പോർട്ട് അംഗീകരിക്കുകയും ജയശങ്കറിനെ സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിൽ നിലനിർത്താൻ തീരുമാനിക്കുകയുമായിരുന്നു. ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കർ. 2021 ജൂലായ് 19-ന് ജില്ലാസെക്രട്ടറി പി. രാജുവിന്റെ സാന്നിധ്യത്തിൽ ബ്രാഞ്ച് യോഗമാണ് ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

അംഗത്വം പുതുക്കുന്നതിനായി ജയശങ്കർ ലെവിയായി നൽകിയ 1330 രൂപ ഗൂഗിൾ പേയിലൂടെ മടക്കിനൽകുകയും ചെയ്തിരുന്നു. ഇടതുമുന്നണിക്കെതിരെയും സർക്കാരിനെതിരെയും ചാനൽ ചർച്ചകളിലൂടെയും സാമൂഹികമാധ്യമങ്ങൾ വഴിയും പരസ്യപ്രസ്താവന നടത്തുന്നെന്നതായിരുന്നു ആരോപണം. പാർട്ടിപരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണവും ഉണ്ടായിരുന്നു.

ജയശങ്കറിനെ പുറത്താക്കിയത് ഇടതുമുന്നണിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന ഇടതുപക്ഷ വിരുദ്ധനിലപാടു കൊണ്ടാണെന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി വിശദീകരിച്ചിരുന്നു. നേരത്തേ അച്ചടക്ക നടപടി എടുത്തിട്ടും ജയശങ്കർ സംഘടനാ വിരുദ്ധ പ്രവർത്തനം തുടർന്നു വെന്നും പാർട്ടി വ്യക്തമാക്കുകയും ചെയ്തു. ജയശങ്കറിന്റെ അഭിപ്രായ പ്രകടനങ്ങളും പാർട്ടി നടപടിയും തമ്മിൽ ബന്ധമില്ലെന്ന ജില്ലാ സെക്രട്ടറി പി. രാജുവിന്റെ നിലപാട് തള്ളുന്നതായിരുന്നു പാർട്ടി ജയശങ്കറിന് നൽകിയ പുറത്താക്കൽ അറിയിപ്പ്.

സിപിഐ ഹൈക്കോടതി അഭിഭാഷകരുടെ ബ്രാഞ്ചിൽ നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. 2020ൽ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സിപിഐ കൂടി കക്ഷിയായ ഇടതുമുന്നണി സർക്കാരിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും ചാനൽ ചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും ജയശങ്കർ രൂക്ഷവിമർശനം ഉന്നയിക്കുന്നതിനെ ചൊല്ലി സിപിഎം നേതാക്കൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജയശങ്കർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളും സിപിഐഎം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കിയത്. ഇതാണ് ഇപ്പോൾ അസാധുവാകുന്നത്.

സിപിഐയിൽ സാധാരണ ജനുവരിയിലിലാണ് പാർട്ടി അംഗത്വം പുതുക്കാറ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജൂണിലേയ്ക്കു മാറ്റിവെച്ചിരുന്നു. തുടർന്നു മെംപർഷിപ് ക്യാംപയിൻ പൂർത്തിയാക്കി ബ്രാഞ്ച് ജനറൽ ബോഡി കൂടുകയായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പലരുടെയും അംഗത്വം പുതുക്കി നൽകിയിട്ടില്ല. സമാന സാഹചര്യമാണ് ജയശങ്കറിന്റെ കാര്യത്തിലുമുണ്ടായിട്ടുള്ളതെന്നും സിപിഐ വിശദീരിച്ചിരുന്നു.

ഒരു വർഷത്തിലേറെയായി സിപിഎമ്മിനും എൽഡിഎഫ് സർക്കാരിനും എതിരെ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് പാർട്ടി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നേരത്തെ ജയശങ്കറിനെ പാർട്ടി പരസ്യമായി ശാസിച്ചിരുന്നു. തുടർ നടപടി എന്ന നിലയിലാണ് അംഗത്വം പുതുക്കി നൽകാതിരിക്കാനുള്ള തീരുമാനം എന്നായിരുന്നു വിശദീകരണം. എൽഡിഎഫിനെതിരായ അഭിപ്രായ പ്രകടനങ്ങൾ കേഡർ പാർട്ടി എന്ന നിലയിൽ സിപിഐക്കു വെച്ചു പൊറുപ്പിക്കാനാവില്ല എന്ന നിലപാടാണ് പാർട്ടി പുറത്താക്കുമ്പോൾ സ്വീകരിച്ചത്. സിപിഐ അംഗത്വം ഉള്ള ആൾ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ് ജയശങ്കറിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്നായിരുന്നു പാർട്ടി വിലയിരുത്തൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top