ഇടുക്കി: ടിടിസി വിദ്യാര്‍ത്ഥിനി പ്രിന്‍സിയെ വെട്ടിയ കേസില്‍ അറസ്റ്റിലായ ആല്‍വിൻ ചോദ്യം ചെയ്യുമ്പോള്‍ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. പ്രിന്‍സിയെ തനിക്ക് അത്രമേല്‍ ഇഷ്ടമായിരുന്നു എന്നാണ് ആല്‍വിൻ പൊലീസിനോട് പറഞ്ഞത്. ചെറുപ്പം മുതലുള്ള സുഹൃത്ത് ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വര്‍ഷങ്ങളായി മനസില്‍ കൊണ്ട് നടന്ന ഇഷ്ടം തമാശ രൂപത്തില്‍ പ്രിന്‍സിയോട് പറഞ്ഞെങ്കിലും പറ്റില്ല എന്ന മറുപടിയാണ് ആല്‍വിന് ലഭിച്ചത്.

പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിയോട് സ്‌നേഹം കാണിച്ച് ആല്‍വിന്‍ എത്തിയെങ്കിലും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പൂലര്‍ത്തണമെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഒരിക്കല്‍ പോലും പ്രിന്‍സി തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലെന്ന് ആല്‍വിൻ പൊലീസിനോട് പറഞ്ഞു. എന്നെങ്കിലും പ്രിന്‍സിക്ക് തന്‍റെ സ്‌നേഹം മനസിലാകുമെന്ന് കരുതി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ആല്‍വിൻ പറയുന്നത്.
എന്നാല്‍ പ്രിന്‍സി തന്നെ പൂര്‍ണമായി ഒഴിവാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യുവാവിന് മനസിലായത്. ഇതോടെയാണ് മരണത്തിലെങ്കിലും ഒന്നുചേരാമെന്ന് കരുതി മൂന്നാറിലെത്തി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി എടുക്കവേ ആല്‍വിൻ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ‘ഇഷ്ടമായിരുന്നു സാറെ എനിക്ക് അവളെ മരണശേഷമെങ്കിലും ഒന്നിക്കാമെന്ന് കരുതി’ എന്ന് പറഞ്ഞായിരുന്നു ആല്‍വിന്‍റെ കരച്ചില്‍.

