തമിഴ്നാട്ടിൽ പോലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ രണ്ട് പേരെയാണ് പോലീസ് വെടിവച്ചുകൊന്നത്. ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്. പോലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കൊലക്കേസ് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആണ് വെടിവച്ചതെന്നാണ് പോലീസ് ഭാഷ്യം. ഇന്നലെ വൈകുന്നേരം പോലീസ് സ്റ്റേഷന് സമീപം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഇവർ പോലീസിന് നേരെ ബോംബെറിഞ്ഞെന്നും ഇതേ തുടർന്ന് ആത്മരക്ഷാർത്ഥം വെടിവയ്ക്കേണ്ടി വന്നുവെന്നുമാണ് പോലീസ് ഭാഷ്യം. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്. കൊലപാതകം നടന്ന ചെങ്കൽപ്പെട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായി രണ്ട് ദിവസം മുൻപ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകൾക്കായുള്ള സ്പെഷ്യൽ എസ്.പിയാണ് വെള്ളദുരൈ ചാർജ്ജ് എടുത്തത്. വീരപ്പൻ, അയോത്തിക്കുപ്പം വീരമണി ഏറ്റുമുട്ടൽ കൊലകളിൽ പങ്കെടുത്തയാളാണ് വെള്ളദുരൈ. ഇദ്ദേഹം എത്തിയതിന് പിന്നാലെ നടന്ന വെടിവെപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

