Kerala

കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍

ന്യൂഡല്‍ഹി കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍. കേരളത്തിലേയ്ക്ക് ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അല്‍സലാം എന്ന ഭീകര സംഘടനയിലെ ആറുപേര്‍ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുഹമ്മദ് അലി എന്ന ഭീകരന്‍ നേതൃത്വം നല്‍കുന്ന അല്‍സലാം എന്ന സംഘടനയിലെ ആറംഗ സംഘം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെത്താനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രണ്ട് ദിവസം മുന്‍പാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. ഈ സംഘടനയ്ക്ക് തമിഴ്നാട്ടിലെ മധുരയില്‍ അടക്കം രഹസ്യ താവളങ്ങളുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മധുരയിലെ ചില മേഖലകള്‍ കേന്ദ്രീകരിച്ച്‌ അല്‍സലാം എന്ന പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ മധുര കേന്ദ്രീകരിച്ച്‌ നടന്നുവരുന്നതിനിടെയാണ് ആറംഗ സംഘം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിക്കുന്നത്. കടല്‍ മാര്‍ഗമോ, അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയോ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനങ്ങളിലെ പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കാനാണ് നിര്‍ദ്ദേശം. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് ജനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മേഖലകളിലും പോലീസും സൈന്യവും സുരക്ഷ ശക്തമാക്കണം. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ എന്ന വ്യാജേനയും സംഘമെത്താമെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് നല്‍കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top