പട്ന: പുതിയതായി നിയമനം ലഭിച്ച അധ്യാപകർക്ക് കർശന മുന്നറിയിപ്പുമായി ബിഹാർ സർക്കാർ. സംഘടന രൂപീകരിക്കുക, സംഘടനയിൽ അംഗത്വം എടുക്കുക, വിദ്യാഭ്യാസ വകുപ്പിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങിയ ചെയ്താൽ നിയമനം റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.

ഈ മാസം രണ്ടിന് നിയമനം ലഭിച്ച 1,20,000 അധ്യാപകർക്കാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്. 1976ലെ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് താക്കീത്. അതേസമയം പുതിയതായി നിയമനം കിട്ടിയവർക്ക് തസ്തിക അനുവദിച്ചിട്ടില്ല. ഇവർ പഠിപ്പിക്കാനും തുടങ്ങിയിട്ടില്ല.
സർക്കാർ നീക്കത്തിനെതിരെ നിയമനം ലഭിച്ച അധ്യാപകരും അധ്യാപക സംഘടനകളും രംഗത്തെത്തി. സോഷ്യലിസ്റ്റ് കക്ഷികൾ ഒരുമിച്ചു ചേർന്നു ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരത്തിൽ വിലക്കെന്ന് പ്രതിപക്ഷവും ആരോപണമുന്നയിച്ചു.

