
കോട്ടയം :പാലാ :സോഷ്യൽ മീഡിയയിലൂടെ കേരളാ കോണ്ഗ്രസ് എം ജോസ് വിഭാഗത്തിന്റെ സൈബർ ആക്രമണത്തിന് ഇരയായ സൂര്യ ഡിസംബർ 11 ശനിയാഴ്ച രാപകൽ നിരാഹാര സത്യാഗ്രഹം ഇരിക്കുന്നു. ആർഎംപി നേതാവ് കെ.കെ രമ നിരാഹാര സത്യാഗ്രഹം ഉൽഘാടനം ചെയ്യുന്നതാണ്. രമ്യ ഹരിദാസ് തുടങ്ങിയ കോണ്ഗ്രസ്സ് വനിതാ നേതാക്കളും ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കളും സമരത്തിൽ പങ്ക് ചേരുന്നതാണ്.

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഴുവൻ സമയവും സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നതാണെന്നും അറിയിച്ചു. സൂര്യ, തനിക്ക് നേരെ ഉണ്ടായ സൈബർ അക്രമത്തെപ്പറ്റി പാലാ പൊലീസ് സ്റ്റേഷനിലും വനിതാ കമ്മീഷനിലും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കും പരാതി സമർപ്പിച്ചിട്ടും കുറ്റക്കാർക്ക് നേരെ നടപടി എടുക്കുവാൻ പോലീസ് തയ്യാറായിരുന്നില്ല. കേരളാ കോണ്ഗ്രസ് എം ജോസ് വിഭാഗത്തിലെ സംസ്ഥാനതല നേതാക്കളും ജോസ് കെ മാണിയുടെ ബന്ധുക്കളും ഉൾപ്പെടെ പതിനേഴോളം ആളുകൾക്കെതിരെ ആണ് പരാതി.
പരാതി കൊടുത്തിട്ട് മാസങ്ങൾ ആയിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഏറ്റവും നിന്ദ്യമായ രീതിയിൽ ഒരു സ്ത്രീയെ അപമാനിക്കുകയും അതിൽ തെളിവുകൾ ഉൾപ്പെടെ പരാതി നൽകിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പാലായിൽ ശക്തമായ ജനവികാരം ഉയരുന്നുണ്ട്. ജോസ് കെ മാണിയെ അപമാനിച്ചു എന്ന സ്റ്റീഫൻ ജോർജ്ജിന്റെ പരാതിയിൽ പോലീസ് സഞ്ജയ്ക്കെതിരെ കള്ളക്കേസ് എടുത്തു എന്ന ആരോപണം നിലനിൽക്കെ ആണ് പാലാ പോലീസിനെതിരെ ഈ ആരോപണം ഉയരുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസിൽ സഞ്ജയ് 9 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. ഡിസംബർ 1 തിയതി പാലായിൽ നടന്ന കോണ്ഗ്രസ് നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് നിരാഹാരസത്യാഗ്രഹം പ്രഖ്യാപിച്ചത്. ഇതൊരു സൂചനാ സമരം ആണെന്നും, പിന്നെയും നടപടി സ്വീകരിക്കാത്ത പക്ഷം അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം പോലുള്ള സമരപരിപാടിയിലേക്ക് കോണ്ഗ്രസ്സ് നീങ്ങും എന്നും അദ്ദേഹം വ്യക്തമാക്കി.

