Kerala

സോളാർ പീഡന ഗൂഢാലോചന കേസ്; ഉമ്മൻ‌ചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കൊട്ടാരക്കര: സോളാർ കേസിലെ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തെന്ന കേസ് ഇന്ന് വീണ്ടും പരി​ഗണിക്കും. കേസിൽ ഒന്നാം പ്രതി സോളാർ കേസ് പരാതിക്കാരിയും രണ്ടാം പ്രതി കെ ബി ഗണേശ് കുമാർ എംഎൽഎയുമാണ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുക.

പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

കൊട്ടാരക്കര കോടതിയിലെ കേസുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇനി നിയമനടപടിക്കാണ് കോൺ​ഗ്രസ് ഒരുങ്ങുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടി നൽകിയ മൂന്ന് അപകീർത്തി കേസുകൾ ഇപ്പോഴുണ്ട്. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. ഗൂഢാലോചനക്കേസ് പിണറായി വിജയൻറെ പൊലീസ് അന്വേഷിക്കേണ്ടതില്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആവശ്യം.

അതേസമയം, സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്ന ആരോപണം യുഡിഎഫ് കടുപ്പിച്ചിരുന്നു. ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് രംഗത്ത് വന്നിരുന്നു. ഈ മാസം 18ന് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് യുഡിഎഫ് ഗണേഷ് കുമാറിനെതിരായ നിലപാട് കടുപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top