വാഷിംഗ്ടൺ :കള്ളനാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് പതിനാറുകാരിയായ മകളെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. ഇതോടെ ഈ വർഷം അമേരിക്കയിൽ തോക്കുകൊണ്ടുള്ള അക്രമത്തിന് ഇരയായവരുടെ നീണ്ട പട്ടികയിലേക്ക് ജാനെ ഹെയർസ്റ്റൺ എന്ന പതിനാറുകാരിയുടെ മരണവും എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. പുലർച്ചെ നാല് മണി കഴിഞ്ഞാണ് സംഭവം. വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നൽകിയതോടെ ആരോ വീട്ടിൽ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിക്കുകയും വീട്ടുടമ വെടിയുതിർക്കുകയുമായിരുന്നു. സ്വന്തം മകൾക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്.


വീട്ടിൽ അജ്ഞാൻ അതിക്രമിച്ച് കയറിയതായി വീട്ടുടമ എമർജൻസി സർവീസിനെ വിളിച്ചറിയിച്ചു. ഇതിന് ശേഷം നാലര മണിയോടെ ജാനെയുടെ അമ്മ അടിയന്തര ടെലിഫോൺ ലൈനിൽ വിളിച്ച് തന്റെ മകൾ ഗാരേജിൽ വെടിയേറ്റു കിടക്കുന്നതായി റിപ്പോർട്ട് ചെയ്തു. എട്ട് മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഫോൺ കോളിൽ പെൺകുട്ടിയുടെ പിതാവ് ഭ്രാന്തമായി കരഞ്ഞുകൊണ്ട് മകളെ വിളിക്കുന്നത് കേൾക്കാം. രണ്ട് മാതാപിതാക്കളും പെൺകുട്ടി കണ്ണ് തുറക്കുന്നില്ലെന്നും പോലീസ് എപ്പോൾ വരുമെന്ന് ചോദിക്കുന്നതും കോൾ റെക്കോർഡിൽ കേൾക്കാം. ഫോൺ വിളിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മാതാപിതാക്കൾ അലമുറയിടുന്നത് ഹൃദയഭേദകമായിരുന്നെന്ന് ഈ ഫോൺ കോളിന്റെ റെക്കോർഡിംഗ് ലഭിച്ച പ്രാദേശിക പത്രമായ കൊളംബസ് ഡിസ്പാച്ച് പറയുന്നു.

ഏതാനും മിനിറ്റുകൾക്ക് ശേഷം എമർജൻസി ടീം സ്ഥലത്തെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ പുലർച്ചെ ആറ് മണിയോടെ മരിക്കുകയായിരുന്നു. കോവിഡിന് ശേഷം അമേരിക്കയിൽ തോക്ക് അക്രമണങ്ങൾ കുത്തനെ ഉയർന്നിട്ടുണ്ട്. ഗൺ വയലൻസ് ആർക്കൈവ് എന്ന സൈറ്റിന്റെ കണക്കനുസരിച്ച്, ആത്മഹത്യകൾ ഉൾപ്പെടെ ഈ വർഷം അമേരിക്കയിൽ 44,000 ത്തിലധികം ആളുകൾ വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇതിൽ 1,517 പേർ പ്രായപൂർത്തിയാകാത്തവരാണ്.


