കൊച്ചി: തമിഴ്നാട്ടിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷാരോൺ വധക്കേസിലെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കീഴ്ക്കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസിൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ വിഷം കൊടുത്തതാണെന്ന് തെളിഞ്ഞത്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.
അതേസമയം ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അറസ്റ്റിലായത് മുതൽ തടവിൽ കഴിഞ്ഞിരുന്ന അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടകുളങ്ങരയിൽ നിന്ന് മാറ്റിയതെന്നാണ് റിപ്പോർട്ട്.

