പാലക്കാട്: സത്യപ്രതിജ്ഞ ചടങ്ങിന്റെ തീയതി മുൻകൂട്ടി അറിയിക്കാതെ, കോളേജ് യൂണിയൻ അധികാരമേൽക്കൽ ചടങ്ങ് നടത്തിയെന്ന് ആരോപിച്ച് പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രതിഷേധം.

പരീക്ഷയുണ്ടെന്നറിയിച്ചിട്ടും കോളേജ് പ്രിൻസിപ്പാൾ ഏകാധിപത്യ രീതിയിലാണ് ചടങ്ങ് നിശ്ചയിച്ചതെന്നും സത്യപ്രതിജ്ഞ ചടങ്ങിനെ കുറിച്ചറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും എസ്എഫ്ഐ പാനലിൽ വിജയിച്ച വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളുമായി കൂടിയാലോചിച്ചാണ് ചടങ്ങ് നിശ്ചയിച്ചതെന്നും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ഇതിനുള്ള അവസരം ഉടൻ ഒരുക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇത്തവണ കെഎസ്‌യു ആണ് പാലക്കാട് വിക്ടോറിയ കോളേജിൽ യൂണിയൻ ഭരണം നേടിയത്. ഫലപ്രഖ്യാപനത്തിനുശേഷം യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം പത്തിന് നടത്താൻ കോളേജ് അധികൃതർ ആദ്യം തീരുമാനിച്ചു. എന്നാൽ പിന്നീട് വിദ്യാർഥികളുടെ ആവശ്യാർത്ഥം രണ്ടുതവണ ചടങ്ങ് മാറ്റി വയ്ക്കേണ്ടി വന്നു. ഒടുവിൽ ഇന്നലെയാണ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. എന്നാൽ സത്യപ്രതിജ്ഞ ചടങ്ങ് തങ്ങളെ മുൻകൂട്ടി അറിയിച്ചില്ലെന്നും ചടങ്ങിന്റെ തീയതി സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാരോപിച്ച് എസ്എഫ്ഐ പാനലിൽ വിജയിച്ച വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധിച്ചു.

