India

സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങള്‍ വേണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ്, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലങ്ങള്‍ നിര്‍മിക്കാന്‍ ദേശീയ മാതൃക രൂപവല്‍ക്കരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

പതിനൊന്നിനും പതിനെട്ടിനും ഇടയിലുള്ള ദരിദ്ര വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ കൊഴിഞ്ഞുപോക്കിന് ശൗചാലയങ്ങളുടെ അപര്യാപ്തതയും ആര്‍ത്തവ ശുചിത്വത്തിലെ വെല്ലുവിളികളും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ ജയ ഠാക്കൂര്‍ ആണ് ഇത് സംബന്ധിച്ച് ഹര്‍ജി ഫയല്‍ ചെയ്തത്.

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരട് ദേശീയ നയം രൂപവല്‍ക്കരിച്ചിട്ടുണ്ടെന്നും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നയത്തിന്റെ തത്സ്ഥിതി ആരാഞ്ഞ കോടതി വിതരണ നടപടിക്രമങ്ങളില്‍ കേന്ദ്രം ഏകീകൃതത കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് വാദം കേള്‍ക്കാന്‍ മാറ്റി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top