ഭുവനേശ്വര്‍: മൈബൈല്‍ ഫോണ്‍ അധ്യാപകന്‍ പിടിച്ചുവാങ്ങിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി. ഒഡീഷയിലെ ഖോര്‍ധ ടൗണിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്. പ്രിന്‍സിപ്പല്‍ ഫോണ്‍ എടുത്ത്‌പോയി മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ ആത്മഹത്യ.

സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഗജപതി ജില്ലയില്‍ നിന്നുള്ള ആണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടു പോയതാണ് കുട്ടി ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥി മരിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധനം ഉണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മരണകാരണം സംബന്ധിച്ച് സാധ്യമായ എല്ലാ കോണുകളും ഞങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

