തിരുവനന്തപുരം: കേരളത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ. നവംബർ മാസം വരെ നൽകേണ്ട കേന്ദ്ര വിഹിതമായ 125 കോടി രൂപയിൽ കേന്ദ്ര സർക്കാർ നൽകിയത് 54.16 കോടി രൂപ മാത്രമാണ്. കൃത്യമായ കണക്ക് സംസ്ഥാന സർക്കാർ നൽകാത്തതിനാലാണ് കേന്ദ്രവിഹിതം നൽകാത്തതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 60 ശതമാനം തുകയും കേന്ദ്ര സർക്കാരാണ് നൽകുന്നത്. സംസ്ഥാനം ബാക്കിയുള്ള 40 ശതമാനം കണ്ടെത്തണം. ഈ അനുപാതം അനുസരിച്ച് ഈവർഷം 184.31 കോടിരൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിന് നൽകേണ്ടത്. സംസ്ഥാന സർക്കാർ 163.16 കോടി രൂപയും ചിലവഴിക്കണം. എന്നാൽ ആദ്യഗഡുവായ 125 കോടി രൂപയിൽ 54.16 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്.
കേരളം കൃത്യമായി കണക്കു നൽകിയിട്ടില്ലെന്നാണ് ബാക്കി തുക തടഞ്ഞതിന് കേന്ദ്രം പറയുന്ന കാരണം. അതേസമയം, കഴിഞ്ഞവർഷത്തെ കണക്കിൽ ഉച്ചഭക്ഷണപദ്ധതിയിൽ കേരളത്തിൽ ചെലവഴിക്കാതെ കിടക്കുന്നത് 32.34 കോടിരൂപയാണ്. ഇക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജൂലായ് നാലിനയച്ച കത്തിൽ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് കേരളത്തിനുള്ള വിഹിതത്തിൽ 54.16 കോടിരൂപ അനുവദിക്കാനുള്ള കേന്ദ്രതീരുമാനം.

