ചെന്നൈ: സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിലെ അപകടം അധികാര സ്ഥാനത്തിരിക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഭരണഘടനാ ലംഘനമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങള്‍ക്കു പകരം ഭരണത്തിലിക്കുന്നവര്‍ക്ക് മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും എതിരെ പ്രവര്‍ത്തിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.

സനാതന ധര്‍മത്തെ ഇല്ലായ്മ ചെയ്യണമെന്ന പ്രഖ്യാപനത്തോടെ ഡിഎംകെ നടത്തിയ പരിപാടിക്കു ബദലായി ദ്രാവിഡ പ്രത്യയശാസ്ത്രത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിപാടിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിപാടിക്ക് അനുമതി നല്‍കാന്‍ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് ജി ജയചന്ദ്രന്‍ പറഞ്ഞു.

