Kerala

ആര്‍എസ്എസും ഇസ്രയേല്‍ സയണിസ്റ്റുകളും ഒരേ ചിന്താഗതിക്കാര്‍; മുഖ്യമന്ത്രി

കാസര്‍കോട്: ഇസ്രയേല്‍ സയണിസ്റ്റുകളും ആര്‍എസ്എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്നും അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മഞ്ചേശ്വരത്ത് നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ വലിയ തോതില്‍ മോദി സര്‍ക്കാര്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഇസ്രയേലിനെ പിന്താങ്ങുന്നു. കൂട്ടക്കൊല നടക്കുമ്പോഴാണ് അതിനെ ന്യായീകരിച്ച് ഇസ്രയേലിനെ പിന്താങ്ങിക്കൊണ്ടുള്ള മോദിയുടെ പ്രസ്താവന. ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഒരേ പോലെ ചിന്തിക്കുന്നവരാണ്. അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണ്. മാത്രമല്ല നേരത്തെ കോണ്‍ഗ്രസ് ചെയ്തതും ഇപ്പോള്‍ ബിജെപി ചെയ്യുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും സാമ്രാജ്യത്വ ശക്തികളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള നിലപാടാണ്.

ലോകം പലസ്തീനിലെ ജനതയ്ക്കൊപ്പമാണെന്നായിരുന്നു പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. പലസ്തീന്‍ ജനതയ്ക്ക് സ്വന്തം മണ്ണില്‍ ജീവിക്കാന്‍ സാധിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അതിക്രൂരമായി കൊല ചെയ്യപ്പെടുകയാണ്. ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നവരെ അടക്കം കൂട്ടമായി കശാപ്പു ചെയ്യുന്നു. സയണിസ്റ്റ് ഭീകരതയാണ് നടമാടുന്നത്. ആ ഇസ്രയേലുമായി നമ്മുടെ രാജ്യത്തിന് ദീര്‍ഘകാലം ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ട് ദീര്‍ഘകാലം ഇസ്രയേലിനെ രാഷ്ട്രമെന്ന നിലയ്ക്ക് അംഗീകരിച്ചിരുന്നില്ല. നെഹ്‌റു നേതൃത്വം കൊടുത്തു കൊണ്ട് ചേരിചേരാ സമ്മേളനം നടന്നപ്പോള്‍ നെഹ്‌റുവിനൊപ്പം ചേര്‍ന്നുനിന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നത് പി എല്‍ ഒ നേതാവായ യാസര്‍ അറാഫത്തായിരുന്നു. ആ രണ്ടുകൂട്ടരും അത്രമാത്രം ഹൃദയ ഐക്യത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കാലത്ത് തന്നെ ഇതിന് മാറ്റം വന്നു. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇസ്രയേലിനെ അംഗീകരിക്കേണ്ടി വന്നു. മോദി സര്‍ക്കാര്‍ ഇസ്രയേലിനെ പിന്താങ്ങുകയാണ്. രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ മാറ്റമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇവിടെ ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം , ഒരു തെരഞ്ഞെടുപ്പ് അങ്ങനെ ഒരുപാട് ‘ഒരു… ഒരു’ എന്ന മുദ്രാവാക്യങ്ങള്‍ കേന്ദ്രം ഉയര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top