Kerala

പൊതുജനം പിണറായി സര്‍ക്കാരിനെക്കൊണ്ട് വലഞ്ഞിരിക്കുകയാണ്; അതൃപ്തി പ്രകടമാക്കി ആര്‍എസ്പിയുടെ രാപ്പകൽ സമരം

തിരുവനന്തപുരം: പിണറായിയുടെ ഭരണത്തില്‍ ജനം മടുത്തിരിക്കുകയാണെന്നും കേരളീയര്‍ മണ്ടന്മാരാണെന്ന ധാരണയാണ് പിണറായിക്കെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പ്രതിപക്ഷ പ്രവര്‍ത്തനം യുഡിഎഫ് പ്രസ്താവനയിൽ ഒതുക്കരുതെന്നും ഇതൊക്കെ ​ഗൗരവത്തിൽ എടുത്ത് പോരാടുന്ന നിലയിലേക്ക് യുഡിഫ് ഉയരണമെന്നും ആര്‍എസ്പി വ്യക്തമാക്കി.

അഴിമതിക്ക് പുതിയ വഴി വെട്ടിത്തുറന്നിരിക്കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിനെതിരെ ഇത്രയേറെ വിഷയങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ഫലപ്രദമായ രീതിയില്‍ അവ ഏറ്റെടുക്കാനായില്ലെന്ന ആത്മവിമര്‍ശനമാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിലുള്ളത്. പൊതുജനം പിണറായി സര്‍ക്കാരിനെക്കൊണ്ട് വലഞ്ഞിരിക്കുകയാണെന്നും, ജനകീയ വിഷയങ്ങളുടെ മുന്‍പന്തിയില്‍ നിന്ന്, അവര്‍ക്ക് വേണ്ടി പോരാടുന്ന നിലയിലേക്ക് യുഡിഎഫ് ഉയരണമെന്നും ആര്‍എസ്പി ആവശ്യമുയര്‍ത്തുന്നു.

പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ കേരളീയം പരിപാടിക്കെതിരെ ആര്‍എസ്പി സ്വന്തം നിലയ്ക്ക് രാപ്പകൽ സമരം പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ കേരളീയം പരിപാടിക്കെതിരെ ഈമാസം 31 ന് വൈകീട്ട് നാലുമുതല്‍ പിറ്റേന്ന് 12 മണിവരെയാണ് ആര്‍എസ്പി സെക്രട്ടരിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നത്.

ഒരിടവേളക്ക് ശേഷമാണ് ഒരു ഘടകകക്ഷി യുഡിഎഫിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടണമെന്ന് പരസ്യമായി പ്രതികരിക്കുന്നത്. ഫലത്തില്‍ അത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ് കൂടിയാണ്. കേരളീയവും മന്ത്രിമാരുടെ മണ്ഡലപര്യടനവും ധൂർത്താണെന്ന് പറയുന്ന യുഡിഎഫ് മുന്നണി എന്ന നിലയിൽ സമരം പ്രഖ്യാപിച്ചത് നവംബർ 18 മുതൽ മണ്ഡലങ്ങളിൽ ജനകീയ വിചാരണയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top