ജോര്‍ജിയ: മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ ഭാര്യയും മുന്‍ പ്രഥമവനിതയുമായ റോസലിന്‍ കാര്‍ട്ടര്‍ അന്തരിച്ചു. ഡിമെന്‍ഷ്യ ബാധിച്ച് മാസങ്ങളായി ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്നാണ് റോസലിന്‍ മരിച്ചതെന്ന് കാര്‍ട്ടര്‍ സെന്റര്‍ അറിയിച്ചു. 96 വയസായിരുന്നു റോസലിന്.

ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ അന്ത്യകാല സാന്ത്വന പരിചരണത്തിലാണ് ഏതാനും മാസങ്ങളായി ജിമ്മി കാര്‍ട്ടര്‍. ഡിമെന്‍ഷ്യ ബാധിച്ച് ആരോഗ്യം ക്ഷയിച്ച റോസലിനെ കഴിഞ്ഞ ദിവസമാണ് അന്ത്യകാല പരിചരണത്തിലേക്ക് മാറ്റിയത്. ജിമ്മി കാര്‍ട്ടര്‍ യുഎസ് പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായിരുന്നു ജീവിത പങ്കാളിയായ റോസലിന്‍. 1946 ലാണ് ഇരുവരും വിവാഹിതരായത്. 77 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ജിമ്മിയെ തനിച്ചാക്കി മടങ്ങിയിരിക്കുകയാണ് റോസലിന്‍.
മുന്‍ പ്രഥമ വനിതകളില്‍ നിന്ന് വ്യത്യസ്തമായി, റോസലിന്‍ ക്യാബിനറ്റ് മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നു. വിവാദ വിഷയങ്ങളില്‍ സംസാരിക്കുകയും വിദേശ യാത്രകളില്‍ തന്റെ ഭര്‍ത്താവിനെ പ്രതിനിധീകരിക്കുകയും ചെയ്തു. പ്രസിഡന്റ് കാര്‍ട്ടറിന്റെ സഹായികള്‍ ചിലപ്പോള്‍ അവരെ വളരെ സ്വകാര്യമായി ‘സഹ പ്രസിഡന്റ്’ എന്ന് വിളിച്ചിരുന്നു. ഭരണത്തില്‍ അത്രമാത്രം സ്വാധീനമുണ്ടായിരുന്നു അവര്‍ക്ക്.

