കോയമ്പത്തൂർ : കേരളം കടന്ന റോബിൻ ബസിനെ തമിഴ്‌നാട്ടിൽവെച്ച് പൂട്ടിയത് കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ. കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ ബസ് പിടിച്ചുവച്ചതെന്ന് ഗിരീഷ് കോയമ്പത്തൂരിൽ വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ നിസ്സഹായരാണെന്നും ഒരു ഉദ്യോഗസ്ഥൻ തന്നോട് സ്വകാര്യമായി പറഞ്ഞ കാര്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത് ഉന്നതങ്ങളിൽ നിന്ന് വിളിച്ച് പറഞ്ഞതിനെ തുടർന്നാണ്. കേരള സർക്കാരിന്റെ മാനം കാക്കാനാണ് എന്റെ വണ്ടി ഇവിടെ പിടിച്ചുവച്ചിരിക്കുന്നത്. നമ്മൾ ആരും ഇവിടെ വഴക്കുണ്ടാക്കാൻ വന്നതല്ലല്ലോ, ഞങ്ങളെ ഒരു തീവ്രവാദിയായിട്ടാണ് കാണുന്നതെന്ന് ഗിരീഷ് പറയുകയുണ്ടായി.
റോബിൻ ബസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചു. പിന്നാലെയാണ് തമിഴ്‌നാട്ടിൽവെച്ച് തന്നെ ബസ് കസ്റ്റഡിയിൽ എടുക്കുന്നതും. തൊഴിൽ ചെയ്‌തു ജീവിക്കുന്നവന്റെ വയറ്റത്തടിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

