കൊച്ചി: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയിൽ കുടിശ്ശികയുള്ള തുക ഒരുമാസത്തിനകം നൽകണമെന്ന് സപ്ലൈകോയോട് ഹൈക്കോടതി. ബാങ്കിലെത്തി രശീതി ഒപ്പിട്ടുനൽകിയാൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നാണെങ്കിൽ ഇക്കാര്യം ഹർജിക്കാരോട് ആവശ്യപ്പെടാൻ സപ്ലൈകോയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതിന് തയ്യാറല്ലെന്ന് കർഷകർ പറഞ്ഞാൽ അവർക്കും ഒരുമാസത്തിനുള്ളിൽ സപ്ലൈകോ പണം നൽകണമെന്ന് കോടതി വ്യക്തമാക്കി.

നെല്ല് സംഭരിച്ച വകയിൽ കിട്ടാനുള്ള തുകയ്ക്കുവേണ്ടി പാലക്കാട് കൊല്ലങ്കോട് സ്വദേശി ശിവാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് ഉത്തരവ്. 50,000 രൂപവരെയുള്ള തുക ഉടൻ നൽകുമെന്നും അതിൽക്കൂടുതലുള്ള തുകയാണെങ്കിൽ 28 ശതമാനം നേരിട്ടും ബാക്കിതുക ബാങ്കുകൾ മുഖേന നൽകുമെന്നുമാണ് സപ്ലൈകോ അറിയിച്ചത്.

