കട്ടപ്പന: അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച പ്രതി ബിജേഷ് കൊടും ക്രിമിനലെന്ന് റിപ്പോർട്ട്. ഒളിച്ച് കഴിയുന്നതിനിടെ ബിജേഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിലെ കട്ടിലിനിടയിൽ കിടക്കുന്ന ഭാര്യയുടെ അഴുകിയ മൃതദേഹത്തിൽ നിന്നും അസ്ഥികൾ എടുത്തുമാറ്റുന്നതിന് വേണ്ടിയിട്ടാണ് ഇയാൾ തിരിച്ച് നാട്ടിലേക്ക് വന്നത്.

മൊബൈൽ ഫോൺ വിറ്റതിനാലും, വാർത്തകൾ ഒന്നും കാണാത്തതിനാലും തന്നെ പോലീസ് അന്വേഷിക്കുന്നതോ അനുമോളുടെ മൃതദേഹം കണ്ടെത്തിയതോ ബിജേഷ് അറിഞ്ഞിരുന്നില്ല. ഈ ധൈര്യത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്. കുമളിയിലെത്തിയ ഇയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. ഇത് പൊലീസിന് ലഭിച്ചതോടെയാണ് ബിജേഷിന്റെ പദ്ധതികൾ പൊളിഞ്ഞത്.

അതേസമയം, അതിക്രൂരമായ പീഡനമാണ് അനുമോൾക്ക് ഏൽക്കേണ്ടി വന്നത്. ഭർത്താവ് ബിജേഷ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് അനുമോളെ കൊലപ്പെടുത്തിയത്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് പോലീസിനോട് വെളിപ്പെടുത്തുമ്പോൾ യാതൊരു കുറ്റബോധവും ഇയാളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നില്ല. ഗാർഹീക പീഢനത്തിന് പിന്നാലെയാണ് അനുമോൾ കൊല്ലപ്പെടുന്നത്. സ്ഥിരം മദ്യപിച്ചെത്തുന്ന ഭർത്താവ് ബിജേഷ് അനുമോളെ മർദ്ദിക്കുമായിരുന്നു. സ്കൂൾ കുട്ടികൾ നൽകിയ ഫീസ് ബിജേഷ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും അത് അനുമോൾ തിരികെ വേണമെന്നാവശ്യപ്പെട്ടതോടെ കൊലപാതകത്തിലേക്ക് നീങ്ങുകയുമായിരുന്നു.


