Kerala

കഴിഞ്ഞ 7 വർഷമായി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ല; ബിജെപിയും മുഖ്യമന്ത്രിയും തമ്മിൽ വലിയ ബന്ധമുണ്ട്; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ 7 വർഷമായി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയും മുഖ്യമന്ത്രിയും തമ്മിൽ വലിയ ബന്ധമുണ്ടെന്നും അന്തർധാര സജീവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്ത് വരുന്നു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. ദേവഗൗഡ പറഞ്ഞത് വളരെ ശരിയാണെന്നാണ് കരുതുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇത്രയും വലിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന് ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ നടത്തിയ പരാമർശമാണ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായത്. ബിജെപി സഖ്യം ജെഡിഎസ്സിനെ രക്ഷിക്കാനാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാനഘടകവും ഈ നീക്കത്തിന് പിന്തുണ നൽകിയെന്നും ദേവഗൗഡ വ്യക്തമാക്കി. എന്നാൽ ദേവഗൗഡയുടെ പ്രസ്താവനയെ പൂർണമായും തള്ളി ജെഡിഎസ് സംസ്ഥാനഘടകം രംഗത്തെത്തി.

2006-ൽ കർണാടകത്തിൽ ജെഡിഎസ് – ബിജെപി സഖ്യസർക്കാരുണ്ടാവുകയും, അങ്ങനെ ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തപ്പോൾ എൽഡിഎഫ് ജെഡിഎസിനെ കൂടെ നിർത്തിയതാണ്. പക്ഷേ അന്നത്തെ സാഹചര്യമല്ല ഇന്ന്. ദേശീയതലത്തിൽ മോദിയെ താഴെയിറക്കാൻ എൻഡിഎ ഇതരകക്ഷികൾ ഇന്ത്യ സഖ്യവുമായി മുന്നോട്ട് പോകുന്നു. അതിൽ ഇടം കിട്ടാതിരുന്ന ജെഡിഎസ്, കർണാടക തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞതോടെയാണ് നിലനിൽപ്പിനായി എൻഡിഎയുമായി കൈകോർത്തത്. ദേവഗൗഡയുടെ ഈ തീരുമാനത്തെ എതിർത്ത് ആദ്യം രംഗത്ത് വന്നത് കേരള, തമിഴ്നാട്, മഹാരാഷ്ട്ര ഘടകങ്ങളാണ്. പിന്നാലെ ഗൗഡയെ പരസ്യമായി തള്ളിപ്പറഞ്ഞ കർണാടക സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കി ജെഡിഎസ്. എന്തുകൊണ്ട് ഇബ്രാഹിമിനെ പുറത്താക്കി എന്നതിന്‍റെ വിശദീകരണം നൽകവേയായിരുന്നു എൻഡിഎ സഖ്യത്തിന് പിണറായിയുടെ പൂർണ സമ്മതമെന്ന ദേവഗൗഡയുടെ പ്രസ്താവന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top