Kerala

പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിനെന്ന കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് ഡിസിസി നടത്തുന്ന പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണ്. ആദ്യം മുതലേ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. കോൺഗ്രസ് അവിടെ തന്നെ റാലി നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പലസ്തീൻ റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് രംഗത്ത് വന്നു. നവ കേരള സദസിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് വേദി നിഷേധിച്ചത്. കോഴിക്കോട് ബീച്ചിൽ തന്നെ മറ്റൊരിടത്ത് പരിപാടി നടത്താവുന്നതാണ്. നവകേരള സദസ്സിന്റെ സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും കളക്ടർ പ്രതികരിച്ചു.

കോൺഗ്രസിന്റെ പലസ്തീൻ റാലി നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിമർശനം. കോഴിക്കോട് ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താൻ തടസമില്ല. ആരോപണങ്ങൾ കോൺഗ്രസിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ്. കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ഇത് വിവാദമാക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്. 25 ദിവസം മുൻപ് അവിടെ വേദി ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടു ദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടത്. കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോയെന്നും റിയാസ് ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top