തൃശ്ശൂർ: ഏഴ് കൊല്ലമായി ജനങ്ങൾക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോൾ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്ന് രമേശ് ചെന്നിത്തല. നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നത് പി ആർ ഏജൻസികളുടെ നിർദ്ദേശപ്രകാശമാണെന്നും ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ചെന്നിത്തല വിമർശിച്ചു. ലൈഫിൽ വീട് പൂർത്തിയാക്കാതെ ജനങ്ങൾ വലയുന്നു. കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഞ്ച് പൈസ കൈയ്യിലില്ലാത്ത സമയത്ത് കോടികൾ മുടക്കി നവ കേരള സദസ്സ് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന സമീപനമാണ് പിണറായി വിജയന്റേത്. സംസ്ഥാന സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതാണ് ചെയ്യുന്നത്. ഇതൊന്നും ജനങ്ങൾക്ക് മുന്നിൽ ചിലവാകില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലസ്ഥലങ്ങളിൽ നിന്നും പരാതി വന്നു. അതിൽ ദേശീയ നേതൃത്വം പ്രതികരിക്കട്ടെ. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

