ജയ്പൂർ: മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മുൻനിർത്തി പ്രചാരണം കൊഴുപ്പിക്കുമ്പോഴും രാജസ്ഥാനിൽ രാഹുൽഗാന്ധിയുടെ അസാന്നിധ്യം കോൺഗ്രസിന് തിരിച്ചടിയാവുകയാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാത്തതിനാലാണ് രാഹുൽ വരാത്തതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. അശോക് ഗെലോട്ടുമായി അകന്നുനിൽക്കുന്ന രാഹുൽഗാന്ധി മന:പൂർവ്വം വിട്ടുനിൽക്കുകയാണെന്നും വിമർശനമുണ്ട്. രാഹുൽ ഉടൻ വരുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് വിമർശനത്തോട് പ്രതികരിച്ചു.

രാഹുൽഗാന്ധി രാജസ്ഥാനിലെ പോസ്റ്റുകളിൽ മാത്രമല്ല നേരിട്ടും പ്രചാരണത്തിൽ പ്രത്യക്ഷപ്പെടുന്നില്ല, ഒക്ടോബർ 9 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും ഒരു വട്ടം രാജസ്ഥാനിൽ വന്നു പോയി. തിരഞ്ഞെടുപ്പിന് പത്തുദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ ഒരു ദിവസം പോലും രാഹുൽഗാന്ധിയെത്തിയില്ല. മധ്യപ്രദേശിലും തെലങ്കാനയിലും രാഹുൽ പ്രചാരണത്തിനെത്തുകയും ചെയ്തു. രാജസ്ഥാനിലും വരുമെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

