ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ.

ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല. ജൂണിലെ മണിപ്പൂർ സന്ദർശനത്തെ പരാമർശിച്ച രാഹുൽ ഗാന്ധി, താൻ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു.
‘മണിപ്പൂർ എന്ന ആശയം ബിജെപി തകർത്തു. മണിപ്പൂർ ഇപ്പോൾ ഒരു സംസ്ഥാനമല്ല, രണ്ടായി വിഭജിക്കപ്പെട്ടു’-മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ പരാമർശിച്ച് കോൺഗ്രസ് നേതാവ് പറഞ്ഞു. ‘ആളുകൾ കൊല്ലപ്പെട്ടു, സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു, കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു, എന്നാൽ പ്രധാനമന്ത്രിക്ക് ഇത് പ്രധാനമായി തോന്നുന്നില്ല’-രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

