ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിക്കേസ് നൽകിയ ഗുജറാത്ത് എംഎൽഎ പൂർണേഷ് മോദിക്ക് പുതിയ ചുമതലകൾ നൽകി ബിജെപി. ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ചുമതലകളാണ് പാർട്ടി പൂർണേഷ് മോദിക്ക് നൽകിയിരിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് പൂര്‍ണേഷ് മോദിയെ പ്രദേശ് പ്രഭാരിയായും ദുഷ്യന്ത് പട്ടേലിനെ സഹപ്രഭാരിയായും നിയമിച്ചത്.

ഗുജറാത്തിലെ സൂറത്ത് വെസ്റ്റിൽ നിന്നുള്ള എംഎൽഎയാണ് പൂർണേഷ് മോദി. 2013 മുതൽ തുടർച്ചയായി മൂന്ന് തവണയാണ് അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 2022 ലെ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. കൂടാതെ 2021 ൽ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗത- വ്യോമയാന- ടൂറിസം- തീര്‍ഥാടക വികസന മന്ത്രിയായിരുന്നു.

