പഞ്ചാബ്: പോലീസും കേന്ദ്ര ഏജൻസികളും ചേർന്ന് രണ്ട് ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ജമ്മു കശ്മീർ സ്വദേശികളായ ലഷ്കർ-ഇ-തൊയ്ബ ഭീകരർ ആണ് പഞ്ചാബിൽ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡികൾ), ഒരു ടൈമർ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകൾ, നാല് ബാറ്ററികൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ എന്നിവയും രണ്ട് മാഗസിനുകളും 24 വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.


വൻ ആയുധശേഖരവുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
ലഷ്കർ-ഇ-തൊയ്ബയുടെ സജീവ അംഗമായ ഫിർദൗസ് അഹമ്മദ് ഭട്ടാണ് തീവ്രവാദ ഘടകം കൈകാര്യം ചെയ്യുന്നത്. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഭീകരസംഘത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ ഓപ്പറേഷൻ. ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായ വലിയ മുന്നേറ്റമാണെന്നും സംസ്ഥാന പൊലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു.

