കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇ ഡി ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ എബ്രഹാമിനെ കോടതി ഇന്ന് വൈകുന്നേരം നാല് വരെയാണ് ഇ ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എബ്രഹാമിനെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.

മുഖ്യ പ്രതി സജീവൻ കൊല്ലപ്പള്ളിയ്ക്ക് പുറമെ മറ്റാർക്കൊക്കെ തട്ടിപ്പിൽ പങ്കുണ്ടെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയതായാണ് വിവരം. നേരത്തെ തട്ടിപ്പ് നടത്തി ബാങ്കിന് 5.62 കോടിയുടെ ബാധ്യത ഉണ്ടാക്കിയതായി ഇ ഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. അനധികൃതമായി സമ്പാദിച്ച മുപ്പത്തിനാല് ലക്ഷത്തി നൽപ്പത്തിയൊന്നായിരം രൂപയുടെ നിക്ഷേപം കെ കെ എബ്രഹാമിനുണ്ടെന്നും ഇ ഡി കണ്ടെത്തലുണ്ട്.
വെട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് സജീവൻ കൊല്ലപ്പള്ളിയും കെ കെ എബ്രഹാമും കൂട്ടുകൃഷി നടത്തി ലാഭ വിഹിതം കൈപ്പറ്റിയതായും അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. അതേസമയം നേരത്തെ അറസ്റ്റിലായ കൊല്ലപ്പള്ളി സജീവൻ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.

