പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. കണ്ണങ്കരയിലാണ് ശനിയാഴ്ച്ച രാത്രി ഒൻപതുമണിയോടെ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

തൊഴിലാളികൾ തമ്മിൽ തമ്മിലടിച്ചതിന് പിന്നാലെ ഒരാൾ അടിയേറ്റ് റോഡിൽവീണിരുന്നു. ഇയാളെ പിന്നീട് കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ തോളിലേറ്റി കൊണ്ടുപോയി. എന്നാൽ, ഇയാളും മദ്യലഹരിയിലായതിനാൽ നടക്കാൻ കഴിഞ്ഞില്ല. ഇതോടെ തോളിലുണ്ടായിരുന്നയാൾ വീണ്ടും റോഡിൽ വീണു. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആരും പോലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. അതിനിടെ, പരിക്കേറ്റയാൾ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം ആശുപത്രി വിട്ടു. രണ്ടുമാസം മുൻപും പത്തനംത്തിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വാരാന്ത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.

