തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളിൽ 273 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാം.

