തൊടുപുഴ: പതിനാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന കള്ളക്കേസിൽ ജയിലിലാക്കപ്പെട്ട ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. 98 ദിവസമാണ് യുവാവ് ശിക്ഷ അനുഭവിച്ചത്. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതി (24)നെയാണ് പോക്സോ കേസിൽ ജയിലിലടച്ചത്. ഡിഎൻഎ ഫലം വന്നപ്പോൾ വിനീത് നിരപരാധിയെന്ന് തെളിഞ്ഞതോടെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു കുറ്റവിമുക്തനാക്കിയത്.

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 2019 ഒക്ടോബർ 14 നാണ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ വന്ന പതിനാലുകാരി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. എന്നാൽ പെൺകുട്ടിയും അമ്മയും പീഡിപ്പിച്ചത് വിനീത് അല്ലെന്ന് പറഞ്ഞതോടെ വിനീതിനെ വിട്ടയച്ചു. എന്നാൽ പിന്നീട് പെൺകുട്ടി മൊഴിമാറ്റുകയായിരുന്നു. വിനീത് ആറു തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് പൊലീസ് വിനീതിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

