Kerala

‘സർക്കാരിനൊപ്പം ഞങ്ങളുണ്ട് എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടയത്; മുഖ്യമന്ത്രി

കാസര്‍കോട്: നവകേരള സദസ് ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിനും പുരോഗതിക്കും സർക്കാരിനൊപ്പം ‘ഞങ്ങളുണ്ട്’ എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ രണ്ടാം ദിനം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് തനതുവരുമാനത്തിലും ആഭ്യന്തര വരുമാനത്തിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടായി. എന്നാല്‍ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള നയമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്.നാടിന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സ്വാഭാവികമായി പിന്തുണ നല്‍കേണ്ടവരാണ് പ്രതിപക്ഷം. ഇങ്ങനെ ഒരു അവസരം വന്നത് നന്നായിയെന്നും സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുമുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം നീങ്ങി കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍ ജനങ്ങളില്‍ നിന്ന് യഥാര്‍ഥ സ്ഥിതി മറച്ചുവെയ്ക്കാൻ ചില മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. മറച്ചുവെച്ച യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ സമഗ്രത ഉറപ്പാക്കുക എന്നി ലക്ഷ്യത്തോടെയാണ് ഈ രീതിയില്‍ പരിപാടി സംഘടിപ്പിച്ചത്. നാടിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരുണ്ട്. അവരെ തിരുത്താന്‍ കഴിയില്ല. ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയേ വഴിയുള്ളൂ. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നത് ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റേയും കടമയാണ്.അത് ശരിയായ രീതിയില്‍ നടത്തുകയാണ് നവകേരള സദസിന്റെ ധര്‍മം. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1908 പരാതികളാണ് ഉദ്ഘാടന വേദിയ്ക്ക് അരികില്‍ സജ്ജീകരിച്ച ഡെസ്‌കില്‍ ലഭിച്ചത്. ഇത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.പരാതികള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top