തിരുവനന്തപുരം: സഹകരണ മേഖലയില്‍ കള്ളപ്പണമെന്ന ആക്ഷേപത്തില്‍ അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി തീണ്ടാത്ത മേഖല എന്ന സല്‍പ്പേര് കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. ഏതെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. കാലം മാറിയപ്പോള്‍ ലക്ഷങ്ങളുടെ സ്ഥാനത്ത് കോടികള്‍ കൈകാര്യം ചെയ്യുന്ന നില വന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ചില സഹകാരികള്‍ തെറ്റായ രീതിയിലേക്ക് നീങ്ങുന്ന നിലയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ സംരക്ഷണത്തിനായി മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എവിടെയെങ്കിലും തെറ്റു സംഭവിച്ചാല്‍ അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തില്‍ അഴിമതി നടന്നാല്‍ ആ മേഖലയുടെ വിശ്വാസ്യതയെ ആകെ ബാധിക്കും. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണം. അതോടൊപ്പം ഈ മേഖലയെ സംരക്ഷിക്കേണ്ട നടപടിയും ഉണ്ടാകണം. അതില്‍ നിക്ഷേപം നടത്തിയവരെ സംരക്ഷിക്കണം, സ്ഥാപനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കണം. അതാണ് നേരത്തെ മുതല്‍ സ്വീകരിച്ചു വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

