പെരുമ്പാവൂർ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രോൾ പമ്പിൽ വെച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വണ്ടിക്കച്ചവടം നടത്തുന്ന അൻസിലിന് മറ്റു ശത്രുക്കളില്ലെന്നാണ് പോലീസ് കണ്ടെത്തൽ.

ഇന്നലെ രാത്രി പത്തരമണിയോടെയാണ് കീഴില്ലം പറമ്പിൽപ്പീടിക സ്വദ്ദേശി അൻസിലിനെ ഒരു സംഘമാളുകൾ വീട്ടിൽ നിന്നിറക്കി വെട്ടിക്കൊല്ലുന്നത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അൻസിലിന്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്.

