ഓമല്ലൂർ: ഇഷ്ടഭക്ഷണം തയ്യാറാക്കി നൽകാത്തതിൽ പ്രകോപിതനായ മകൻ, അമ്മ ഇരുന്ന മുറിക്ക് തീയിട്ടു. പൊള്ളലേറ്റെങ്കിലും അമ്മ രക്ഷപ്പെട്ടു. മകനെ പോലീസ് അറസ്റ്റുെചയ്തു. ജോസഫ് ആന്റണി-ഓമന ദമ്പതികളുടെ മകൻ ജുബിനെയാണ് (40) അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 8.30-ന് പത്തനംതിട്ട-ഓമല്ലൂർ റൂട്ടിൽ പുത്തൻപീടിക ശ്രീഭദ്ര കോംപ്ലക്സിലെ ഫ്ലാറ്റിലാണ് സംഭവം. മകൻറെ ശല്യം സംബന്ധിച്ച് പരാതി നൽകാൻ പിതാവ് ജോസഫ് ആൻറണി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പോയ സമയത്താണ് സംഭവം നടന്നത്. മാതാവ് ഓമന കിടന്ന കിടക്കയിലാണ് ഇയാൾ തീയിട്ടത്. ഇതിൽനിന്ന് തീ ആളിപ്പടർന്ന് ഹാളിലെ തയ്യൽ മെഷീൻ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.
മുറിയിൽ നിന്ന് പുറത്തു ചാടിയ ഓമന വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് ചെറിയതോതിൽ പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുക ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ മുറിക്ക് അകത്തേക്ക് കടക്കാതിരിക്കാൻ കത്രിക കാണിച്ച് ജുബിൻ ഭീഷണിപ്പെടുത്തി. പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും എത്തി. കൂടുതൽ ഭാഗത്തേക്ക് തീ പടരുംമുൻപ് നിയന്ത്രണവിധേയമാക്കി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
എറണാകുളത്ത് ജോലിക്ക് ശ്രമിക്കുന്ന ജുബിൻ വല്ലപ്പോഴുമേ ഓമല്ലൂരെ ഫ്ലാറ്റിൽ എത്തിയിരുന്നുള്ളൂ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മദ്യപിച്ച് ഫ്ലാറ്റിലെത്തിയശേഷം വീട്ടുകാരുമായും പരിസരവാസികളുമായും കലഹമുണ്ടാക്കിയിരുന്നു.

