തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഇന്ന് തുടങ്ങും. ഡൽഹിയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിൻെറ റിപ്പോർട്ടിങ്ങാണ് രണ്ട് ദിവസത്തെ യോഗത്തിൻെറ മുഖ്യ അജണ്ട. കോഴിക്കോട് ജില്ലാ നേതൃത്വം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയെ ചൊല്ലി യുഡിഎഫിൽ ഉണ്ടായ ഭിന്നത യോഗത്തിൽ ചർച്ചയാകും.

ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കണം എന്നാണ് ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലെ തീരുമാനം. എല്‍ഡിഎഫിന് പുറത്തുനിന്ന് മുസ്ലീംലീഗിന് മാത്രമേ ക്ഷണമുള്ളൂ. കോണ്‍ഗ്രസിനെ ക്ഷണിക്കുന്നില്ല. പക്ഷെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയിലേക്ക് ഒഴുകിയെത്തുമെന്നുമാണ് ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞദിവസം പറഞ്ഞത്. റാലിയിലേക്ക് ലീഗ് വന്നില്ലെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടായിക്കഴിഞ്ഞു എന്നാണ് വിലയിരുത്തൽ.
പലസ്തീന്‍ വിഷയത്തില്‍ യോജിക്കാനാവുന്ന മുഴുവന്‍ സംഘടനകളേയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സമിതിയുടെ അജണ്ടയിലുണ്ട്. നവകേരള സദസ് വിജയിപ്പിക്കാനുളള തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റിയിലുണ്ടാകും.

