കോഴിക്കോട്: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സി.പി.എം നവംബർ 11ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും ഇസ്രായേൽ യുദ്ധം അവസാനിപ്പിച്ച് പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന റാലി സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ വൈകീട്ട് നാലിന് നടക്കും. പലസ്തീൻ ഐക്യദാർഢ്യ സമിതിക്കായി കെ.ടി. കുഞ്ഞിക്കണ്ണൻ തയാറാക്കിയ ‘പലസ്തീൻ: രാജ്യം അപഹരിക്കപ്പെട്ട ജനത’ പുസ്തകം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്യും.

സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടനകളെ പ്രതിനിധാനം ചെയ്ത് ടി.പി. അബ്ദുല്ലക്കോയ മദനി, മുക്കം ഉമർ ഫൈസി, സി. മുഹമ്മദ് ഫൈസി, ഡോ. ഫസൽ ഗഫൂർ, ഡോ. ഹുസൈൻ മടവൂർ, ഡോ. ഐ.പി. അബ്ദുസ്സലാം, കെ.എം. മുഹമ്മദ് ഖാസിം കോയ, കെ.പി. സുലൈമാൻ ഹാജി, ബിനോയ് വിശ്വം എം.പി, എം.വി. ശ്രേയാംസ് കുമാർ, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, സി.കെ. നാണു, പ്രഫ. അബ്ദുൽ വഹാബ്, കെ. അജിത, യു.കെ. കുമാരൻ, പി.കെ. പാറക്കടവ്, ബി.എം. സുഹറ, ഡോ. ഖദീജ മുംതാസ്, ഡോ. എം.എം. ബഷീർ, രഞ്ജിത്ത്, പി.കെ. ഗോപി, വി. വസീഫ് തുടങ്ങിയവർ സംബന്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു. എം. മെഹബൂബ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.കെ. മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

