Kerala

പാലാ മുനിസിപ്പൽ കൗൺസിൽ മിനിട്സ് നിയമവിരുദ്ധം:സിജി ടോണി തോട്ടത്തിൽ

കോട്ടയം :പാലാ :31 – 12 – 2021 തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടിയ പാലാ നഗരസഭ അടിയന്തിര കൗൺസിൽ യോഗത്തിൻ്റെ മിനിട്സ് നിയമ വിരുദ്ധമെന്ന് കൗൺസിലർ സിജി ടോണി തോട്ടത്തിൽ ആരോപിച്ചു.അന്നേ ദിവസം അടിയന്തിര കൗൺസിൽ യോഗത്തിൽ 31 വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നോട്ടീസ് നൽകിയത്.
ഇത്രയും അജണ്ടകൾ അടിയന്തിര കൗൺസിലിൽ ചർച്ച ചെയ്യുന്നത് സംബന്ധിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. അജണ്ടയിൽ ഉൾപ്പെടാത്ത ഒരു വിഷയവും ചർച്ചയിൽ എടുക്കരുത് എന്ന പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായം വ്യക്തമായി കൗൺസിൽ മിനിട്സിൻ്റെ ആദ്യ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനർത്ഥം അഡീഷണൽ അജണ്ട പ്രസ്തുത കൗൺസിലിൽ എടുക്കരുതെന്ന് തന്നെയാണ്.

 

എന്നാൽ 31 അജണ്ട ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര കൗൺസിൽ യോഗം 34 അജണ്ട ചർച്ച ചെയ്ത് തീരുമാനമെടുത്തു.ഇത് കൂടാതെ അനുബന്ധ തീരുമാനങ്ങളും എടുത്തതായി മിനിട്സിൽ കാണുന്നു.ഇത് കേരള മുനിസിപ്പാലിറ്റി ആക്ട് ( കൗൺസിൽ യോഗ നടപടി ക്രമം ) 10 ൽ യോഗ നടത്തിപ്പും ആദ്ധ്യക്ഷം വഹിക്കലും എന്ന ഭാഗത്തെ 6 നമ്പർ തീരുമാനത്തിന് വിരുദ്ധമാണ്.

പ്രസ്തുത ആക്ട് പ്രകാരം അജണ്ടയിൽ ഉൾപ്പെടുത്താത്ത ഒരു വിഷയവും യോഗത്തിൽ ചർച്ച ചെയ്യാനോ തീരുമാനമെടുക്കാനോ പാടുള്ളതല്ല, എന്നാൽ യോഗത്തിൽ ഹാജരായ എല്ലാ കൗൺസിലർമാരും അനുകൂലിക്കുന്ന പക്ഷം അടിയന്തിര പ്രാധാന്യമുള്ള ഏതൊരു വിഷയവും യോഗത്തിൽ പരിഗണിക്കാവുന്നതാണ്, എന്ന് എഴുതിയിരിക്കുന്നു.

ഇവിടെ പ്രസ്തുത മിനിട്സിൻ്റെ ആദ്യ ഭാഗത്ത് തന്നെ ഒരംഗം ഇപ്രകാരം അഡീഷണൽ അജണ്ട എടുക്കുന്നതിനെ എതിർത്തു എന്ന് എഴുതി വച്ചിരിക്കുന്നു. എന്നിട്ട് അതിന് ശേഷം നിയമവിരുദ്ധമായി അഡീഷണൽ അജണ്ടയിൽ തീരുമാനമെടുത്തതായി എഴുതിയിരിക്കുന്നു. ഇത് രണ്ടും ഒരു മിനിട്സിൽ തന്നെ ഒപ്പിട്ട ചെയർമാൻ ഗുരുതരമായ പിഴവാണ് വരുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകുമെന്നും സിജി ടോണി അറിയിച്ചു.കൂടാതെ 31.12 .2021 ൽ ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിന്റെ മിനിട്സ് ജനുവരി 22 നു കൗണ്സിലര്മാര്ക്ക് നൽകുന്നത് തന്നെ കൗണ്സിലിന്റെ അന്തസ് ഇടിക്കുന്ന നടപടിയാണെന്ന് സിജി ടോണി തോട്ടത്തിൽ പറഞ്ഞു.കൗൺസിലിൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ  ഇതിനു മുൻപ് മിനുട്സിൽ വന്നിട്ടുള്ള കാര്യവും സിജി ടോണി തോട്ടത്തിൽ ചൂണ്ടി കാട്ടി.ആർക്കെങ്കിലും ഇതിൽ സംശയമുണ്ടെങ്കിൽ തെളിവ് സഹിതം ചൂണ്ടി കാട്ടാമെന്നും സിജി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top