മലപ്പുറം: കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. ഇടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തില്‍, അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്ന് കരുതി ഇപ്പോഴേ കുരയ്‌ക്കേണ്ടതില്ലെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹം എന്തു പറഞ്ഞാണ് അതു പറഞ്ഞതെന്ന് അറിയില്ല. സുധാകരനല്ല, ഏതു നേതാവായാലും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഉപയോഗിക്കുന്ന വാക്കുകളൊക്കെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഇത് കുറേ തവണ പറഞ്ഞതാണ്. എന്തായാലും ഏതു സാഹചര്യത്തിലാണ് അദ്ദേഹം ആ വാക്കുകള്‍ ഉപയോഗിച്ചത് എന്നതുകൂടി കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് നേതൃത്വവും പരിശോധിക്കേണ്ടതു തന്നെയാണ്.പലസ്തീന്‍ വിഷയം മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. തെരഞ്ഞെടുപ്പോ മുന്നണി ബന്ധവുമായോ ബന്ധപ്പെട്ട കാര്യമല്ല. ഇതൊരു സാമുദായിക പ്രശ്‌നമല്ല. മനുഷ്യാവകാശ പ്രശ്‌നമാണ്. ലോകം മുഴുവന്‍ എതിര്‍ക്കുകയാണ്. കടുംകൊല ചെയയ്ുന്ന ഇസ്രയേലില്‍ പോലും ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. ലോകമനസാക്ഷിയുടെ കൂടെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. അതില്‍ നില്‍ക്കണ്ട ആളുകളൊക്കെ നിന്നോളും. ആരെയെങ്കിലും നിര്‍ത്തേണ്ട ആവശ്യം ലീഗിനില്ലെന്ന് സലാം പറഞ്ഞു.

