Kerala

നാമജപക്കേസ് അവസാനിപ്പിച്ചതില്‍ സന്തോഷം; ശബരിമല പ്രക്ഷോഭക്കേസുകളും പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട നാമജപക്കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്ന് എന്‍എസ്എസ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നാമജപക്കേസുകളും പിന്‍വലിക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ചില വിഷയങ്ങളില്‍ മാത്രമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിനെതിരായ നാമജപക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം അവസാനിപ്പിച്ചതായുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നാമജപ ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. ഇടഞ്ഞു നിന്ന എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാര്‍ ഇടപെട്ടതിന് ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി മിത്ത് ആണെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയത്. ഓഗസ്റ്റ് 2നു തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നടത്തിയ നാമജപയാത്രക്കെതിരെയായിരുന്നു കേസ്.

പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് ആണ് കേസെടുത്തത്. അനുമതി നേടാതെയാണ് മാര്‍ച്ച് നടത്തിയതെന്നായിരുന്നു അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top