ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യിൽ ഏഴ് പുതിയ തസ്തികകൾക്ക് കൂടി. അഡീഷണൽ ഡയറക്ടർ ജനറലിന്റെയും (എഡിജി) ആറ് ഇൻസ്‌പെക്ടർ ജനറൽമാരുടെയും (ഐജി) തസ്തികകളാണ് പുതിയതായി നിലവിൽ വരുക. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ അനുമതി നൽകി.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ തർക്കം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് എൻഐഎയിൽ പുതിയ തസ്തികകൾ അനുവദിച്ചിരിക്കുന്നത്.
ജൂണിൽ നടന്ന നിജ്ജാർ വധവും ഇന്ത്യൻ സർക്കാരും തമ്മിൽ ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പിന്നാലെ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ നടപടികൾ കൂടുതൽ കർശനമാക്കുകയാണ് ചെയ്തത്. ട്രൂഡോയുടെ അവകാശവാദത്തിന് ഒരു ദിവസത്തിന് ശേഷം 43 ഭീകരരുടെ ഫോട്ടോകൾ എൻഐഎ പുറത്തുവിട്ടിരുന്നു. ഇവരിൽ ചിലർ കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവരാണ്.

