Kerala

ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ; കലമണ്ണിലിന്റെ ഭീഷണി വേണ്ടാ ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് എന്നപേരിലുള്ള തട്ടിക്കൂട്ട് സ്ഥാപനത്തെക്കുറിച്ച് വാര്‍ത്ത ചെയ്തതിന് കലമണ്ണിലിന്റെ ആശ്രിതരുടെ ഭീഷണി. കൃത്യമായ തെളിവുകളോടെയാണ് വാര്‍ത്ത നല്‍കിയതെന്നും നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ സംശയമുണ്ടെന്നും കലമണ്ണിലിന്റെ ഭീഷണിക്കു മുമ്പില്‍ തലകുനിക്കില്ലെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ എന്നിവര്‍ പറഞ്ഞു. മൌണ്ട് സിയോണ്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വഴിവിട്ട നടപടികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരുമെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും അവര്‍ പറഞ്ഞു.

 

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യുസ് പോര്‍ട്ടലുകള്‍ ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സോഷ്യല്‍ മീഡിയാ വഴി വ്യക്തിഹത്യ നടത്തിയതും ഭീഷണിപ്പെടുത്തിയതും കലമണ്ണിലിന്റെ ആശ്രിതരാണ്. റാന്നി കേന്ദ്രീകരിച്ച ഒരു ഫെയിസ് ബുക്ക് ഗ്രൂപ്പിലൂടെയാണ് മാധ്യമ പ്രവര്‍ത്തകരെയും സ്ഥാപനത്തെയും അപകീര്‍ത്തിപ്പെടുത്തിയത്. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ ഗ്രൂപ്പ് നിയന്ത്രിക്കുന്നത്. ഇതിനെതിരെ നിയമനടപടി  സ്വീകരിക്കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍ സ്റ്റോറി), ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), ജോണ്‍സണ്‍ വി.കുര്യാക്കോസ് (കുറുപ്പുംപടി ന്യൂസ്), അനൂപ്‌ വി. ജോണ്‍ (മംഗളം ന്യൂസ്) എന്നിവര്‍ പറഞ്ഞു.

 

നടപടിക്രമങ്ങള്‍ പാലിക്കാതെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ അവിഹിതമായി സ്വാധീനിച്ചും തികച്ചും കച്ചവട ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന്റെ പിന്നിലുള്ള കഥകള്‍ ജനങ്ങള്‍ അറിയേണ്ടവ തന്നെയാണ്. രഹസ്യമായി ഇവിടെ ഒരു ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നത് ഗൂഡ ലക്ഷ്യങ്ങളോടെയാണ്. ആശുപത്രി തുടങ്ങിയത് അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഒരുക്കാതെയാണ്. ഫയര്‍ ഫോഴ്സിന്റെ എന്‍.ഓ.സി ഇല്ലാത്ത കെട്ടിടത്തില്‍ ഒരു ആശുപത്രി പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കിയത് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്താണ്. സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഇവിടെ ആശുപത്രി പ്രവര്‍ത്തിപ്പിച്ചിട്ടും ജില്ലാ ഫയര്‍ ഓഫീസും ഇത് കണ്ടതായി നടിക്കുന്നില്ല. ഇവിടെ എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍മാത്രം നടപടിയെടുക്കാന്‍ കാത്തിരിക്കുകയാണ് ഫയര്‍ ഫോഴ്സ്.

 

മലയോര മേഖലയായ റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളേയും ശബരിമല അയ്യപ്പ ഭക്തരെയും ഉദ്ദേശിച്ചുകൊണ്ടാണ്‌ വടശ്ശേരിക്കരയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതെന്ന് മാനേജ്മെന്റ് സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് കേരളാ ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് അനുവദിച്ചത്. ഇത് സംബന്ധിച്ച് 2019 ജനുവരി 21 നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയത്. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജില്‍ ബ്ലോക്ക് 31ലെ റീ സര്‍വ്വേ നമ്പര്‍ 453ല്‍ പെട്ട  പാലതിയനാടാര്‍ സ്വയംഭൂ നാടാര്‍ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് (പി.എസ്.എന്‍ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്) കൈവശം വെച്ചുവരുന്ന  22 ഏക്കര്‍ ഭൂമി സ്വാശ്രയ അടിസ്ഥാനത്തില്‍ ദന്തല്‍, ഫാര്‍മസി, നേഴ്സിംഗ് കോളേജ് എന്നിവ ആരംഭിക്കുന്നതിനായി 1963ലെ കേരള ഭൂപരിഷ്ക്കരണ നിയമം സെക്ഷന്‍ 81(3) പ്രകാരമാണ് ഇളവ് അനുവദിച്ചത്.

 

 

ഈ വസ്തുവിനോട് ചേര്‍ന്നുകിടക്കുന്ന 28 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളേജ് നടത്തുന്നതിനും കേരള ഭൂപരിഷ്ക്കരണ നിയമത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ആകെ 50 ഏക്കര്‍ ഭൂമിക്കാണ് ഇളവ്. 2013സെപ്റ്റംബര്‍ 26 നായിരുന്നു ഇതിന്റെ ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്‌. തുടര്‍ന്ന് ചില തര്‍ക്കങ്ങളും കേസുകളും ഉണ്ടായിരുന്നതിനാല്‍ റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയത് 2019 ജനുവരി 21 നാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ജനങ്ങള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന നിലയില്‍ ഒരു ആശുപത്രി തുടങ്ങുവാന്‍ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല. കേരളാ ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് അനുവദിച്ചത് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിപ്പിക്കുവാനാണ്. എന്നാല്‍ ഇളവ് ലഭിച്ച സ്ഥലത്ത് മറ്റു ചില സ്ഥാപനങ്ങളും തുടങ്ങുവാന്‍ നീക്കമുണ്ടെന്നാണ് വിവരം. വടശ്ശേരിക്കര അയ്യപ്പാ മെഡിക്കല്‍ കോളേജിന്റെ നിഗൂഡമായ പ്രവര്‍ത്തനം എന്തിനെന്നറിയുവാന്‍ ജനങ്ങള്‍ക്ക്‌ അവകാശം ഉണ്ടെന്നും ഇക്കാര്യത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top