തളിപ്പറമ്പ് : പൊതുമുതൽ നശിപ്പിച്ചതായ പരാതിയിൽ സി.പി.എം. ജില്ലാ കമ്മറ്റി അംഗത്തിനെതിരെ തളിപ്പറമ്പ് പോലീസ് പി.ഡി.പി.പി. വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ, പി.രവീന്ദ്രൻ, കെ.വി.രാഘവൻ, ജോൺ മുണ്ടുപാലം എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് നൂറു പേർക്കെതിരെയുമാണ് കേസ്. ചപ്പാരപ്പടവ് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ഇന്നലെ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനിടയിൽ സമരക്കാർ ഗേറ്റ് തകർത്തതിൽ ഒരു ലക്ഷം രൂപ നഷ്ടം സംഭവിച്ചതായാണ് പരാതി. പഞ്ചായത്ത് സെക്രട്ടെറിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.


