Kerala

വിവാഹ സമയത്ത് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കാക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് ആരും ആവശ്യപ്പെടാതെ മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം ആര്‍ അനിതയുടെ നിരീക്ഷണം.

 

സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം സമ്മാനങ്ങള്‍ ഉള്‍പ്പെടില്ല. വിവാഹത്തോടനുബന്ധിച്ച്‌ വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫിസര്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. സമ്മാനങ്ങള്‍ കൈപ്പറ്റിയതു മാറ്റാരെങ്കിലും ആണെന്നു കണ്ടാല്‍ ഓഫീസര്‍ക്ക് ഇടപെടാം. സമ്മാനങ്ങള്‍ വധുവിന് കൈമാറിയിട്ടില്ലെന്ന് ബോധ്യമായാല്‍ അതു കൈമാറണമെന്ന് നിര്‍ദേശിക്കാം. കോടതി ചൂണ്ടിക്കാട്ടി.വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍നിന്ന് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവാഹത്തിന് ലഭിച്ച 55 പവന്‍ ബാങ്ക് ലോക്കറില്‍ വെച്ചിരിക്കുകയാണെന്നും തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

 

 

പരാതി പരി​ഗണിച്ച ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നല്‍കാന്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്.ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോയെന്ന് ഓഫീസര്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തിയതായി ഉത്തരവില്‍ വ്യക്തമല്ലെന്ന് കോടതി വിലയിരുത്തി. ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. ലോക്കറില്‍വെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാര്‍ തനിക്കു നല്‍കിയ മാലയും തിരിച്ചു നല്‍കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top