തിരുവല്ല: പീഡനക്കേസിലെ പ്രതി സമ്മേളനത്തില്‍ പങ്കെടുത്തതിൽ സിപിഎം ഏരിയാ സമ്മേളനത്തില്‍ പൊട്ടലും ചീറ്റലും. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ പിന്തുണയ്ക്കുന്നവര്‍ ഏരിയാ സെക്രട്ടറിക്ക് നേരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടു. ജില്ലാ നേതൃത്വവും വിമര്‍ശന ശരങ്ങള്‍ ഏറ്റു വാങ്ങി. സ്ഥലം എംഎല്‍എ മാത്യു ടി. തോമസിന്റെയും സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ അത്ര പോരെന്ന വിമര്‍ശനവും ഉയര്‍ന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെ പീഡിപ്പിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് ജില്ലാ-ഏരിയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണമാണ് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. പീഡന പരാതി ഒതുക്കി തീര്‍ക്കാനും പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കാനും നേതാക്കള്‍ കൂട്ടുനിന്നു. നേതാക്കളുടെ അറിവോടെ പ്രതികളെ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ താമസിപ്പിച്ചതായും ആരോപണമുണ്ടായി.

പീഡന കേസില്‍ പ്രതികളായ രണ്ടു നേതാക്കള്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. സന്ദീപ് വധക്കേസില്‍ അയല്‍ ജില്ലകളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവല്ലയിലോ പെരിങ്ങരയിലോ പോലും പ്രതികരിക്കാതിരുന്ന ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കപ്പെട്ടു. ബിജെപിക്കാര്‍ പോലും സംഭവത്തില്‍ അപലപിച്ചിട്ടും പ്രാദേശിക നേതൃത്വം മൗനം പാലിച്ചതായും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വിഭാഗീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഏരിയാ – ജില്ലാ നേതൃത്വങ്ങള്‍ ഒരുമിച്ച് പോകണമെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
നഗര വികസനത്തില്‍ മാത്രമാണ് എംഎല്‍എ ശ്രദ്ധിക്കുന്നത്. സ്ഥലം എംഎല്‍എ മാത്യു ടി. തോമസും വിമര്‍ശിക്കപ്പെട്ടു. ഗ്രാമീണമേഖലയെ പാടെ അവഗണിക്കുന്നു. തൊട്ടടുത്ത മണ്ഡലത്തിലെ എംഎല്‍എ മാത്യു ടി. മാതൃകയാക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഉള്‍പ്രദേശങ്ങളിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ്. എംഎല്‍എയ്ക്ക് ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രകടനംവളരെ മോശമായ നിലയിലാണെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മന്ത്രിമാരുടെ പകുതി നിലവാരം പോലും ഇപ്പോഴുള്ളവര്‍ക്കില്ല. സിപിഎം കൈയ്യായാളിയിരുന്ന വൈദ്യുതി വകുപ്പ് ഘടക കക്ഷിക്ക് വിട്ടുനല്‍കിയതിലും സമ്മേളനത്തില്‍ പങ്കെടുത്ത ചില അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട പീഡന പരാതിയില്‍ ഇരയ്ക്കെതിരെ നടപടി എടുത്തിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയും പ്രചരിപ്പിച്ചതുമായ പാര്‍ട്ടി സഖാക്കള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത് ഉചിതമായില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വനിത അംഗം അഭിപ്രായപ്പെട്ടു.

