തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി പുതുച്ചേരി മദ്യം ആണ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടിയത്. ലോറി ഡ്രൈവർ തമിഴ്നാട് തൃച്ചി നെയ് വേലി സ്വദേശി സുധാകർ (25) ആണ് പിടിയിലായത്.പുതുച്ചേരിയിൽ നിന്ന് ഡാൽഡ കൊണ്ടുവന്ന നാഷനൽ പെർമിറ്റ് ലോറിയുടെ കാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ഡാൽഡ കയറ്റി അയച്ച മാനേജറാണ് മദ്യം കൊടുത്തു വിട്ടതെന്ന് ഡ്രൈവർ പറഞ്ഞു.


കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സി.ഐ അനിലാലിന്റെ നേതൃത്വത്തിൽ ചെക്പോസ്റ്റിൽ തിങ്കളാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ലോറി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പ്രതിയെയും തൊണ്ടി സാധനങ്ങളും തുടർ നടപടികൾക്കായി അഞ്ചൽ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. അസി.എക്സൈസ് ഇൻസ്പെക്ടർ ഷിഹാബ്, സുരേഷ് ബാബു സി.ഇ.ഒ മാരായ ഷൈജു, വിഷ്ണു, അശ്വന്ത്, സുന്ദരം എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

