പാലക്കാട്:പ്രായപൂർത്തിയാവാത്ത കുട്ടികളെ വലയിലാക്കി കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന യുവാവ് പിടിയിലായി. പുതുനഗരം പിലാത്തൂർമേട് ആനമലവീട്ടിൽ എ. ഷെമീറാണ് (22) പുതുനഗരം പോലീസിന്റെ പിടിയിലായത്. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ നിരന്തരം കഞ്ചാവ് നൽകി ലഹരിക്കടിമകളാക്കും. തുടർന്ന് ഇവരെ കഞ്ചാവ് വിൽപ്പനയ്ക്ക് നിർബന്ധിക്കുക പതിവാണെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച കൊടുവായൂരിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന് സമീപത്തുനിന്ന് 16 വയസ്സുകാരൻ കഞ്ചാവുമായി പോലീസിന്റെ പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിൽപ്പനയ്ക്കായി ഷെമീർ നൽകിയ കഞ്ചാവാണ് കൈയിലുണ്ടായിരുന്നതെന്ന് പോലീസ് മനസ്സിലാക്കി. ഇതുപോലെ നിരവധി കുട്ടികളെ ഇയാൾ വലയിലാക്കിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഷെമീറിനെ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പോലീസ് മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ എക്സൈസ് ചിറ്റൂർറേഞ്ച് സ്ക്വാഡ് ഷമീറിന്റെ വീട്ടിൽനിന്ന് ഒന്നരക്കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കേസിൽ 45 ദിവസം റിമാൻഡിൽക്കഴിഞ്ഞിട്ടുമുണ്ട്. പോലീസ് ഷെമീറിനെ കൗൺസലിങ്ങിന് വിധേയമാക്കിയിരുന്നു. കഞ്ചാവ് വിമുക്തനാക്കാൻ അഗളി കോട്ടത്തറയിയുള്ള വിമുക്തികേന്ദ്രത്തിൽ ചികിത്സയ്ക്ക് വിധേയനാക്കിയെങ്കിലും ചികിത്സ പൂർത്തീകരിക്കാൻ വിസമ്മതിച്ച് ഷെമീർ ഇറങ്ങിപ്പോവുകയായിരുന്നു.

