ചണ്ഡീഗഡ്: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിശ്വസുന്ദരി പട്ടം രാജ്യത്തെത്തിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഹര്‍നാസ് സന്ധു. മിസ് യൂണിവേഴ്‌സിന്റെ 70ാം പതിപ്പിലാണ് 21കാരിയായ ഹര്‍നാസ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. 1994ല്‍ സുസ്മിത സെന്നും, 2000ത്തില്‍ ലാറാ ദത്തയുമാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. മത്സരങ്ങളില്‍ വിജയിച്ച് കഴിഞ്ഞാല്‍ അതിന് സമ്മാനങ്ങളും ഉണ്ടാകും. മിസ് യൂണിവേഴ്‌സ് മത്സരത്തിലെ വിജയിക്ക് എന്തൊക്കെ സമ്മാനങ്ങളാകും കിട്ടുക? 2021ലെ മത്സരവിജയിയായ ഹര്‍നാസിന് എന്തൊക്കെ സമ്മാനങ്ങള്‍ കിട്ടുമെന്ന് നോക്കാം.


മത്സരത്തില്‍ വിജയിയായതിന് തൊട്ടു പിന്നാലെ തന്നെ ഹര്‍നാസിന് ആദ്യത്തെ സമ്മാനം ലഭിച്ചു. ലോകത്തിലെ ഏറ്റവും വില കൂടിയ കിരീടമാണ് വിശ്വസുന്ദരി ജേതാവിന്റെ തലയില്‍ വയ്‌ക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഈ കിരീടത്തില്‍ 1770 വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. അത്യപൂര്‍വ്വമായ ഗോള്‍ഡന്‍ കാനറി ഡയമണ്ടാണ് വജ്രക്കൂട്ടങ്ങള്‍ക്ക് നടുവിലായി പതിപ്പിച്ചിരിക്കുന്നത്. ഇത് 62.83 കാരറ്റ് വരും. ഇലയുടേയും തണ്ടിന്റേയും രൂപത്തിലാണ് വജ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കിരീടത്തിന് ഏകദേശം 37 കോടി രൂപ വില വരും. മിസ് യൂണിവേഴ്‌സ് സംഘടന അംഗീകരിച്ചിട്ടുള്ള ചടങ്ങുകളിലെല്ലാം ഈ കിരീടം ധരിച്ച് പോകാന്‍ പോകാന്‍ സാധിക്കും. എന്നാല്‍ ഈ സമ്മാനം മാത്രം സ്വന്തമായി എടുക്കാന്‍ സാധിക്കില്ല. അടുത്ത വര്‍ഷത്തെ വിജയിക്ക് ഈ കിരീടം കൈമാറണം.
രണ്ടരലക്ഷം ഡോളര്‍ അതായത് ഏകദേശം 1.8 കോടി രൂപയ്‌ക്കടുത്താണ് വിശ്വസുന്ദരിക്ക് സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് വിവരം. എന്നാല്‍ തുക എത്രയാണെന്ന കാര്യം അധികൃതര്‍ കൃത്യമായി പുറത്ത് വിടാറില്ല. ഇതിന് പുറമെ പ്രതിമാസ തുകയായി ഒരു വലിയ തുക ഒരു വര്‍ഷത്തേക്ക് ലഭിക്കുമെന്നും സൂചനയുണ്ട്. ആറക്ക ശമ്ബളമാണിതെന്ന് പറയുന്നുണ്ടെങ്കിലും, ഔദ്യോഗികമായി ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാറില്ല
ന്യൂയോര്‍ക്ക് നഗരത്തിലെ മിസ് യൂണിവേഴ്‌സ് അപ്പാര്‍ട്‌മെന്റില്‍ ഒരു വര്‍ഷത്തേക്ക് സൗജന്യ താമസവും വിശ്വസുന്ദരിക്ക് ലഭിക്കും. ആഡംബരസൗകര്യങ്ങള്‍ ധാരാളമുള്ള വീടാണിത്. അസിസ്റ്റന്റുമാരും, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമുള്‍പ്പെടെ വിദഗ്ധരായ ഒരു സംഘം ഹര്‍നാസിനൊപ്പം ഇവിടെയുണ്ടാകും. മേക്കപ്പ്, കേശസംരക്ഷണ ഉത്പന്നങ്ങള്‍, ഷൂസ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു വര്‍ഷത്തേക്ക് ധാരാളമായി ലഭിക്കും. ലോകമെമ്ബാടുമുള്ള മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും, മോഡലിങ് പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കാനും സാധിക്കും.
വലിയ ചടങ്ങുകള്‍, സിനിമകളുടെ സ്‌ക്രീനിങ് ചടങ്ങുകള്‍, പാര്‍ട്ടികള്‍, അഭിനയത്തിനുള്ള അവരങ്ങള്‍ തുടങ്ങിയവയെല്ലാം വിശ്വസുന്ദരിയെ തേടിയെത്തും. ഇതിന് പുറമെ ലോകമെമ്ബാടും സൗജന്യ സഞ്ചാരം, മുന്തിയ ഹോട്ടലുകളില്‍ താമസം, ഭക്ഷണം എന്നിവ ലഭിക്കും. പ്രൊഫഷണല്‍ സ്റ്റൈലിസ്റ്റുകളേയും, ന്യൂട്രീഷനിസ്റ്റുകളേയും ലഭിക്കും. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ചീഫ് അംബാസിഡറും വിശ്വസുന്ദരിയായിരിക്കും.

