അമ്പലപ്പുഴ :ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ യേശുദാസിന്റെ ഭാര്യ അന്നമ്മയാണ് (31) മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ അന്നമ്മയും ഭര്‍ത്താവ് യേശുദാസും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഇവരെ പ്രതി കല്ലും, കസേരയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.


അടിയേറ്റ് തളര്‍ന്നു വീണ അന്നമ്മയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും മുഖത്തുമേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതി യേശുദാസിനെ പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു. പുന്നപ്ര പുത്തന്‍പുരയ്ക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളായ അന്നമ്മ തെഴിലുറപ്പ് തൊഴിലാളിയാണ്. മക്കള്‍ – ക്രിസ്റ്റി, അയോണ. അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

